Monday, September 5, 2016

അദ്ധ്യാപക ദിനാചരണത്തിൽ നിന്നും

             ജി.എച്ച് .എസ്സ്  മീനടത്തൂരിൽ അദ്ധ്യാപക ദിനം  ആഘോഷമായിമാറി  സ്കൂളിലെ പൂർവാദ്ധ്യാപക സംഗമം ശ്രദേയമായി പൂർവാദ്ധ്യാപകരെ ആദരിച്ച ചടങ്ങിൽ സ്കൂൾ എച്ച് .എം  ശ്രീ രാജൻ .ടി സ്വാഗതം പറഞ്ഞു .ചടങ്ങിന്  ജില്ലാ പഞ്ചായത്ത് അംഗം വി.പി സുലൈഖ അധ്യക്ഷം വഹിച്ചു.താനാളൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.അബ്‌ദുൾ റസാഖ്  ഉദഘാടനം ചെയ്തു സംസാരിച്ചു.സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകൻ ആയ പി.കൃഷ്ണൻ മാസ്റ്റർ അദ്ധ്യാപക ദിന സന്ദേശം നൽകി.
പൂർവാദ്ധ്യാപകരായ 
  • മൊയ്തീൻകുട്ടി മാസ്റ്റർ 
  • കുഞ്ഞിമുഹമ്മദ് മാസ്റ്റർ 
  • ഉബൈദുല്ല മാസ്റ്റർ 
  • ശങ്കരൻ മാസ്റ്റർ 
  • അബ്‌ദുറഹ്‌മാൻ മാസ്റ്റർ 
  • മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരെ ആദരിച്ചു  
സമീർ തുരുവയിൽ (ബ്ലോക്ക് പഞ്ചായത്ത് അംഗം ),തൈക്കാട്ട് റസാഖ് (മെമ്പർ ,താനാളൂർ പഞ്ചായത്ത് ),വി.കുഞ്ഞു (മെമ്പർ ,താനാളൂർ പഞ്ചായത്ത് ),കെ.റിയാസ് (പി.ടി.എ പ്രസിഡന്റ്),ഉമേഷ് കുമാർ,മുഹമ്മദ് സിനാൻ(സ്കൂൾ ലീഡർ )എന്നിവർ ആശംസകൾ പറഞ്ഞു .സ്റ്റാഫ് സെക്രട്ടറി അൻസാർ കെ.ടി നന്ദി പറഞ്ഞു.
തുടർന്ന്  വിവിധ ക്ലാസ്സുകളിൽ കുട്ടികൾ അധ്യാപകരായെത്തി,ഹൈസ്കൂളിൽ രഘു നാഥ്‌ ,7 ഇ യിലെ മുഹാദ ,6 ബി യിലെ  വൈശാൽ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തവരിൽ ചിലർ .
ചിത്ര വിവരണം 





Sunday, September 4, 2016

സെപ്റ്റംബര്‍ 5- അധ്യാപകദിനം


ഇന്ന് അധ്യാപകദിനം: ഗുരോ !വന്ദനം .



           ഇന്ന് അധ്യാപകദിനം. ഇന്ത്യയില്‍ നാം അധ്യാപകദിനമായി അചരിക്കുന്നത് മുന്‍രാഷ്ട്രപതി ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണെന്നത്  നമുക്കറിയാം.
            എന്നാല്‍ ഒക്റ്റോബര്‍ 5 ആണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത്. 1994 മുതലാണ് ലോക അധ്യാപകദിനം ആചരിച്ചുതുടങ്ങിയത്. യുനസ്കോയാണ് ഇതിന് പൊതുവില്‍ നേതൃത്വം നല്‍കുന്നത്. സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്കിനെയും അവരുടെ സ്ഥാനമഹിമയെയും കണക്കിലെടുത്തുകൊണ്ട് യുണസ്കോയുടെയും ഐ.എല്‍.ഒ.വിന്‍റെയും നേതൃത്വത്തില്‍, അധ്യാപകരുടെ പരിശീലനം, അവകാശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, ഫലപ്രദമായ ഉത്തരവാദിത്തനിര്‍വഹണത്തിനുള്ള സാഹചര്യങ്ങള്‍, സേവനവേതന വ്യവസ്ഥകള്‍, സാമൂഹ്യസുരക്ഷ  തുടങ്ങിയവ  സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു രേഖ തയ്യാറാക്കി, 1966 ഒക്ടോബര്‍ 5 ന് ഔപചാരികമായി പ്രസിദ്ധീകരിക്കപ്പെടുത്തിയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ദിനം ലോക അധ്യാപകദിനമായി ആചരിക്കുന്നത്. ഈ രേഖയിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ലോകരാജ്യങ്ങളെ ഓര്‍മിപ്പിക്കുക എന്നതും ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്.ലോക അധ്യാപകദിനാചരണത്തിന് നേതൃത്വവും പ്രചരണവും നല്‍കുന്ന മറ്റൊരു സംഘടന 'എജുക്കേഷന്‍ ഇന്‍റര്‍നാഷണല്‍' ആണ്. എതാണ്ട് നൂറിലേറെ രാജ്യങ്ങളില്‍ ലോകഅധ്യാപകദിനം ആചരിച്ചുവരുന്നു.
           തിരിഞ്ഞു നോക്കുമ്പോള്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ തരുന്ന വിദ്യാഭ്യാസ കാലം നമുക്ക്‌ സുഖമുള്ള സ്മരണകള്‍ സമ്മാനിക്കുമ്പോള്‍, വീണ്ടും ആ സുന്ദര ദിനങ്ങള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍, മറക്കാനാവാത്ത ഓര്‍മ്മകള്‍ നമുക്ക്‌ സമ്മാനിച്ച ഗുരുക്കന്മാരുടെ സ്ഥാനം ഹൃദയത്തില്‍ അനശ്വരമായി നില കൊള്ളുന്നു. ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകര്‍ക്കും സന്തോഷപൂര്‍ണ്ണമായ ഒരു അധ്യാപക ദിനം ആശംസിക്കുന്നു.

Saturday, September 3, 2016

പൂവിളി പൂവിളി പൊന്നോണമായി

വരൂ...പൂക്കളമിടാം...



ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
ഓണം... പൊന്നോണം
മഹാബലി വരും കാലം!
ധര്‍മവും നീതിയുമനുസരിച്ച് സര്‍വജനങ്ങളെയും ഒന്നുപോലെ കരുതിയിരുന്ന സമത്വസുന്ദരമായ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു അസുരനായ മഹാബലി. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു വാമനനായി അവതരിക്കുകയും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ തന്‍െറ ജനങ്ങളെ വന്നു കാണാന്‍ അവസരമുണ്ടാക്കണമെന്ന് പ്രജാക്ഷേമ തല്‍പരനായ മഹാബലി വാമനനോട് അഭ്യര്‍ഥിച്ചു. വാമനന്‍ അതനുവദിച്ചുവെന്നും അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മഹാബലി നാടുകാണാന്‍ എത്തുന്നുവെന്നുമാണ് ഐതിഹ്യം. എന്നാല്‍, ചരിത്രപരമായ സാധുത ഈ കഥക്കില്ല.

മഹാബലിയും മഹാബലിപ്പെരുമാളും
വാമനന്‍ ചവിട്ടിത്താഴ്ത്തിയ മഹാബലിയല്ലത്രെ മഹാബലിപ്പെരുമാള്‍! തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്‍െറ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്‍പിച്ചുവെന്നും അങ്ങനെയാണ് ഓണ മഹോത്സവത്തിന്‍െറ തുടക്കമെന്നും ഐതിഹ്യമുണ്ട്. 28 ദിവസമായിരുന്നു അന്ന് ഓണാഘോഷം. പ്രധാന ദിവസമായ തിരുവോണ നാളില്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് രാജാക്കന്മാരും പ്രഭുക്കളും നാടുവാഴികളും സാധാരണജനങ്ങളും മഹാദേവനെ ദര്‍ശിക്കാനും മഹാബലിപ്പെരുമാളിനെ ചെന്നുകാണാനും തൃക്കാക്കരക്ക് പോകാറുണ്ടായിരുന്നു. ഈ യാത്ര പുറപ്പെടലിന്‍െറ സ്മാരകമാണ് കൊച്ചിരാജാവിന്‍െറ ‘അത്തച്ചമയം’. കെ.പി. പത്മനാഭ മേനോന്‍െറ ‘ഹിസ്റ്ററി ഓഫ് കേരള’യിലും അത്തച്ചമയത്തിന്‍െറ ആഗമനം ഇങ്ങനെതന്നെയാണ് വിവരിച്ചിട്ടുള്ളത്. ഈ തൃക്കാക്കര യാത്രയുടെ ക്ളേശം കണ്ടിട്ടാവണം ഇനി തങ്ങളുടെ ഗൃഹങ്ങളില്‍വെച്ചുതന്നെ ഓണ മഹോത്സവം കൊണ്ടാടിയാല്‍ മതിയെന്ന് മഹാബലിപ്പെരുമാള്‍ കല്‍പിച്ചതും എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണം കൊണ്ടാടിത്തുടങ്ങിയതും.

ഓണം നമുക്ക് സമ്മാനിക്കുന്നത്
സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്‍െറയും അഴിമതിരഹിതമായ സമൂഹത്തിന്‍െറയും സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ നൂറ്റാണ്ടുമുമ്പുതന്നെ കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ, വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്‍െറ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.

കഥകള്‍ പലവിധമുലകില്‍ സുലഭം..!
ഓണത്തിന്‍െറ ഉദ്ഭവ കഥകള്‍ ഏറെയാണ്. അവയില്‍ ചിലത് പരിചയപ്പെട്ടോളൂ...കേരളത്തില്‍ ഒരുകാലത്ത് പ്രചാരത്തിലിരുന്ന ബുദ്ധമതത്തിന്‍െറ സംഭാവനയാണ് ഓണം എന്ന് വാദിക്കുന്നവരുണ്ട്. ‘ശ്രാവണം’ എന്ന സംജ്ഞതന്നെ ബൗദ്ധമാണെന്നും ശ്രവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ബുദ്ധന്‍ നല്‍കിയ മഞ്ഞവസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടെന്നും ഇവര്‍ പറയുന്നു.ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് യാത്രയായത് ഒരു തിരുവോണ നാളിലാണ്. അതിന്‍െറ സൂചനയാണ് ഓണാഘോഷം എന്നൊരു കഥയുണ്ട് (വില്യം ലോഗന്‍െറ മലബാര്‍ മാന്വല്‍).പരശുരാമന്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നതിന്‍െറ ഓര്‍മക്കാണ് കേരളീയര്‍ ഓണമാഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്.ഇവിടത്തെ സ്ഥിരതാമസക്കാരായിരുന്ന ദ്രാവിഡരുടെമേല്‍ ആര്യന്മാര്‍ നടത്തിയ അധിനിവേശത്തിന്‍െറ ആഘോഷമായി ഓണത്തെ വീക്ഷിക്കുന്നുണ്ട്. ഉത്തരമധ്യ ദക്ഷിണപ്രദേശങ്ങളുടെ പ്രതീകങ്ങളാണ് സ്വര്‍ഗം, ഭൂമി, പാതാളം എന്നീ ലോകങ്ങളെന്നും അസുരന്മാര്‍ അസൂറിയക്കാരാണെന്നുമുള്ള വാദം ഈ വീക്ഷണത്തിന്‍െറ ഭാഗമാണ്.ഓണം ഒരു വിളവെടുപ്പുത്സവമാണെന്ന് ചില ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങമാസം വിളവെടുപ്പുകാലമാണ്.തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും വര്‍ഷാവസാനം തിരുവോണത്തിന്‍െറ തലേന്നാളായി കാണുന്നുവെന്നും സൂചനകളുണ്ട്.
ഓണക്കാലം... പൂക്കാലം
മഴമാറി, മാനം തെളിഞ്ഞ്, പ്രകൃതിയാകെ പൂത്തുലഞ്ഞുനില്‍ക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള പുഷ്പസുന്ദരിമാരും അണിഞ്ഞൊരുങ്ങും. എന്തിനെന്നോ? കറുകറുത്ത കര്‍ക്കിടകം പെയ്തൊഴിഞ്ഞ് ഹൃദ്യമായ പൊന്നിന്‍ചിങ്ങമെത്തുമ്പോള്‍ വരവേല്‍ക്കാന്‍...നാട്ടിന്‍പുറങ്ങളിലാകെ കുരുന്നുകളുടെ ‘പൂവേ പൊലി’ ഉയരുമ്പോള്‍ ഗ്രാമകന്യക കോരിത്തരിക്കും. പച്ചോലയോ പനയോലയോ ഈറയോ മെടഞ്ഞുണ്ടാക്കിയ ‘പൂവട്ടി’, പൂക്കള്‍ തേടിയുള്ള യാത്രയില്‍ സംഘാംഗങ്ങളുടെ ഓരോരുത്തരുടെയും കൈവശമുണ്ടാകും. കുളി കഴിഞ്ഞ് കുറി തൊട്ട്, അലക്കി വെളുപ്പിച്ച വസ്ത്രങ്ങളണിഞ്ഞാവും പൂക്കള്‍ തേടിയുള്ള ഈ യാത്ര. പ്രകൃതിക്ക് കരിമ്പടം ചാര്‍ത്തുന്ന കാക്കപ്പൂവ്, വരമ്പുകള്‍ തീര്‍ക്കുന്ന അതിരാണിപ്പൂവ്, കുലകുലകളായി വിടരുന്ന അശോകപ്പൂവ്, തുമ്പപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം, കാശിപ്പൂവ്, മല്ലികപ്പൂവ്, നന്ത്യാര്‍വട്ടം... ഇവയൊക്കെയായി പൂക്കൂടകള്‍ നിറയുമ്പോള്‍ കുഞ്ഞുമനസ്സുകളും നിറഞ്ഞിട്ടുണ്ടാവും.വരൂ...പൂക്കളമിടാം                 -വിവരങ്ങൾ ലഭിച്ചത് ഫേസ് ബുക്ക് ,വിക്കിപീഡിയ 

Thursday, September 1, 2016

അധ്യാപകദിനാഘോഷം-2016

2016 സെപ്റ്റംബർ 5 -ന്  മീനടത്തൂർ എച്ച്.എസ്സ് ലും  സമുചിതമായി കൊണ്ടാടുന്നു .
കാര്യപരിപാടികൾ
  • പൂർവാധ്യാപകരെ ആദരിക്കൽ 
  • കുട്ടിഅദ്ധ്യാപകർ  ക്ലാസ് നിയന്ത്രിക്കുന്നു 
  • ജീവിത ശൈലി രോഗങ്ങൾ ക്‌ളാസ്സ് -പൂർവ്വ അദ്ധ്യാപകർ